കല്ലുവെച്ച നുണകളാൽ നിങ്ങൾക്കെന്നെ
ചരിത്രത്തിലടയാളപ്പെടുത്താം...
വഴിയരികിലെ മലിനമായ ഓവുചാലി- ലേക്കെടുത്തെറിയാം...
എങ്കിലുമൊരണുധൂളി കണക്കെ
ഞാനുയിർത്തെഴുന്നേൽക്കും...
എന്റെ തിരിച്ചുവരവ്
നിങ്ങളെ അസ്വസ്ഥമാക്കുന്നുവോ...?
ഞാനീ നെടുവരമ്പിലൂടുറച്ച് നടക്കുന്നത്
നിങ്ങളിൽ രോഷം കൊള്ളിക്കുന്നുവോ..?
ആയിരം സൂര്യചന്ദ്രന്മാരെപ്പോലെ
ഞാൻ വെളിച്ചമാകും.
പ്രതീക്ഷയുടെ കിരണമായ്
ഉയരങ്ങളിലേക്ക് പറക്കും...
നിങ്ങൾക്കെന്നെ
ഉയിരറ്റ് കാണേണമെന്നോ..?
ഞാൻ തലകുനിക്കുന്നതും
കണ്ണടക്കുന്നതും....?
കണ്ണുനീർ കണക്കെ
എന്റെ ചുമലുകൾ
താഴോട്ടിറങ്ങിപ്പോവുന്നതും...?
എന്റെ ആത്മാവിന്റെ
നിലവിളികൾ
ഞെരിഞ്ഞമരുന്നതും...?
എങ്കിലൊന്നറിഞ്ഞു കൊൾക !
നിങ്ങൾ ലജ്ജയാൽ കെട്ടിപ്പെടുത്ത
ചരിത്രത്തിൽ നിന്നു
ഞാനുദിച്ചുയരും..
വേദനകൊണ്ട് പുളഞ്ഞ, നീലിച്ച
വേരുകളിന്ന് ഞാൻ പിഴുതെറിയും..
ഞാനൊരു
കരിങ്കടലാണ്....
പരന്ന്.. പരന്ന്...
നഷ്ട്ടങ്ങളെ തിരകളിലൂടെ
ചേർത്ത്പിടിച്ച്,
ഇരുട്ടിനും പിന്നാമ്പുറത്തേക്ക്
ഭയത്തെ ചുരുട്ടിയെറിയും....!
ഒരു പകലിനപ്പുറം
ഞാൻ തെളിഞ്ഞുവരും.
എന്റെ പൂർവികർ തന്നയച്ച സമ്മാനപ്പൊതികളുമായി
ഞാനുദിച്ചുയരും....
ഞാനടിമയുടെ സ്വപ്നവും പ്രതീക്ഷയുമാണ്...
ഞാൻ,
ഉയിരായ്...ഉടലായ് ...
ഉദിച്ചുയരും.
No comments:
Post a Comment